കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍സ്‌റ്റേഷന്‍. കേരളത്തിന്റെ ഊട്ടി എന്നും അറിയപ്പെടുന്നു. മാടത്തുമല എന്ന റാണിപുരം സമുദ്രനിരപ്പില്‍ നിന്നും 1046മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. 139 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്നു. കോടമഞ്ഞും പുല്‍ച്ചെടികളുടെ പച്ചപ്പും മൂടിപുതച്ചു കിടക്കുന്നു. കാഞ്ഞങ്ങാടുനിന്നും 48കിമീ കിഴക്കോട്ട് സഞ്ചരിച്ചാല്‍ റാണിപുരത്തെത്തും. ട്രക്കിംഗ് യോജിച്ച സ്ഥലമാണ് റാണിപുരം. കേരള-കര്‍ണ്ണാടക ബോര്‍ഡറിലെ തലക്കാവേരി വൈല്‍ഡ് ലൈഫ് സാംക്‌ചറി ഇതിനടുത്താണ്. മംഗലാപുരം ടൗണില്‍ നിന്നും 107കിലോമീറ്ററാണ് ഇവിടേക്കുള്ളത്. കോട്ടയത്തുനിന്നെത്തിയ കുടിയേറ്റക്കാരാണ് മാടത്തുമലയെന്നറിയപ്പെട്ടിരുന്ന മലയ്‌ക്ക് റാണിപുരമെന്ന് പേരിട്ടത്. അവരുടെ അശ്രാന്തപരിശ്രമത്താലാണ് കാടുപിടിച്ചു കിടന്നിരുന്ന മേഖലയെ മനുഷ്യവാസയോഗ്യമായ വിനോദസഞ്ചാരകേന്ദ്രമാക്കിയത്. ജൂണ്‍, ജൂലൈ മുതല്‍ ഡിസംബര്‍ വരെയാണ് ഇവിടുത്തെ സഞ്ചാരത്തിന് മികച്ച സമയം. റാണിപുരത്തിന്റെ അടിത്തട്ടില്‍ നിന്നും കാടിനകത്തുകൂടി നടന്നുകയറാം. ചീവിടിന്റെയും കിളികളുടേയും അരുവിയുടേയും കളകളാരവം കേള്‍ക്കാം. രണ്ടരകിലോമീറ്റര്‍ കാട്ടിലൂടെയുള്ള നടത്തത്തിന് ശേഷം പുല്‍മേടിന്റെ ഹരിതാഭയിലേക്കെത്തും. അവിടെ നിന്നും മുകളിലേക്കുള്ള കയറ്റം തുടങ്ങാം. പുല്‍മേടില്‍ വിഹരിക്കുന്ന ആനക്കൂട്ടവും മിക്ക നേരങ്ങളിലും വീശിയടിക്കുന്ന ഈറന്‍കാറ്റും ചിത്രശലഭങ്ങളും മാറി മാറിയെത്തുന്ന കോടമഞ്ഞും വര്‍ണാഭമായ കാഴ്‌ചതന്നെയാണ്. ശൈത്യകാലത്താണ് റാണിപുരം ഏറെ ഭംഗിയാകുന്നത് .കര്‍ണാടകയിലെ കുടക്, മൈസൂര്‍ എന്നിവയെല്ലാം റാണിപുരത്തിന്റെ അയല്‍ക്കാരാണ്. ഇവിടുത്തെ കാലാവസ്ഥ ഊട്ടിക്ക് സമാനമാണ്. ബാംഗ്ലൂര്‍ ജീവിതത്തില്‍ കിട്ടിയ സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ നാടായ കാസര്‍കോഡേക്ക് ഒരു യാത്ര കുറേ നാളായി പ്ലാന്‍ ചെയ്‌തിരുന്നതാണ്. അങ്ങനെ ഒക്ടോബറില്‍ ദസറ അവധിക്ക് അവിടേക്ക് വച്ചുപിടിച്ചു. അവരുടെ മുത്തപ്പന്‍ തെയ്യവും റാണിപുരം യാത്രയുമായിരുന്നു ലക്ഷ്യം. ഞങ്ങള്‍ സുഹൃത്തിനൊപ്പം ബാംഗ്ലൂര്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോയി. കാഞ്ഞങ്ങാടുനിന്നും ബസില്‍ അവരുടെ വീട്ടിലേക്ക്. സുഹൃത്തുക്കളുടെ വീട്ടില്‍ അവരുടെ വിക്കി കൂട്ടായ്‌മയിലെ അംഗങ്ങളുമുണ്ടായിരുന്നു. അവര്‍ റാണിപുരം യാത്രയ്‌ക്കായി എത്തിച്ചേര്‍ന്നതായിരുന്നു. അവരോടൊപ്പം റാണിപുരത്തേക്ക് യാത്ര തിരിച്ചു. മലയുടെ താഴ് വാരത്തില്‍ നിന്നും വെള്ളവും മറ്റും ശേഖരിച്ച് കാട്ടിനുള്ളിലൂടെ മലമുകളിലേക്ക് യാത്രതിരിച്ചു. വഴിയരികിലെ ചെടികളെയും കുഞ്ഞുജീവികളെയുമൊക്കെ കൂട്ടത്തിലുണ്ടായിരുന്നവര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മലമുകളിലെത്തിയപ്പോഴേക്കും നേരം ഉച്ചയായി. കുറെ പേര്‍ ഏറ്റവും മുകളിലെ മലയിലേക്കും പിടിച്ചുകയറി. താഴെ മലയിലേക്ക് കയറിവന്ന സ്ഥലവും ചുറ്റുപാടും മലമുകളില്‍ നിന്നും ദൂരെയായി കാണാം. മേഘങ്ങള്‍ പാറിനടക്കുന്ന ആകാശം സു്‌ന്ദരമായിരുന്നു. അല്‌പസമയം അവിടെ ചിലവഴിച്ച് പതിയെ മലയിറങ്ങി.