ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായി കഴിയുമ്പോള്‍ വലിയ ആചാരങ്ങളോടെ ആഘോഷിക്കുന്ന ഒരു സമൂഹമുണ്ടായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് വേദന നിറഞ്ഞ അഞ്ച് ദിവസങ്ങളായിരിക്കും സ്ത്രീകള്‍ അഭിമുഖികരിക്കേണ്ടി വരുന്നത്. ആര്‍ത്തവത്തിന്റെ ദിവസങ്ങളില്‍ വേദനയും ക്ഷീണവും മാനസിക പിരിമുറുക്കവും എല്ലാവരിലും തന്നെ ഉണ്ടാവും. മാസമുറയുടെ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും അതല്ലാതെയുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും ആരും മനസിലാക്കിയിട്ടില്ല. ആ സമയത്തെ വേദനയെക്കാളും പ്രശനമുണ്ടാക്കുന്ന സമയമുണ്ട്. പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം. എല്ലാവരിലും ഇടയ്ക്ക് പ്രകടമായി ഇതിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ട്. ആര്‍ത്തവത്തിന് ഓന്നോ രണ്ടോ ആഴ്ച മുന്‍പും അല്ലെങ്കില്‍ ദിവസങ്ങള്‍ക്ക് മുന്‍പോ അനുഭവപ്പെടുന്ന ബുദ്ധിമുട്ടാണിത്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ നിലയില്‍ വരുന്ന വ്യത്യാസമാണ് ഇതിന് കാരണം. ജീവിതശൈലിയിലെ വ്യത്യാസങ്ങളും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളും ഇതിന് കാരണമായി മാറാറുണ്ട്. തലവേദന, നടുവേദന, സന്ധിവേദന, ക്ഷീണം, സ്തനങ്ങളില്‍ വേദന, വയറിനുള്ള അസ്വസ്ഥതകള്‍, മലബന്ധം തുടങ്ങിയവാണ് ശാരീരിക ലക്ഷണങ്ങളായി കാണുന്നത്. വിഷാദം, പിരിമുറുക്കം, ദേഷ്യം, സങ്കടം, അതിവൈകാരികത, ശ്രദ്ധയില്ലായ്മ, എന്നിവയാണ് മാനസിക ബുദ്ധിമുട്ടുകളായി കാണുന്നത്.