വീണ്ടുമൊരു അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ പോവുകയാണ്. കളിക്കാനുള്ള സമയം കഴിഞ്ഞ് ഇനി മുതല്‍ പഠനത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുള്ളത് കുട്ടികളെ അലട്ടുമ്പോള്‍ മക്കളുടെ പഠനം, ഭാവി, എന്നിങ്ങനെ പല കാര്യങ്ങളുമായി രക്ഷിതാക്കാളും ആശങ്കയിലായിരിക്കും. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ചില സന്തോഷമുള്ള കാര്യങ്ങള്‍ കൂടിയാണ് കൊടുക്കുന്നത്. പുതിയ അധ്യാപകര്‍, പുതിയ കൂട്ടുകാര്‍, എന്നിങ്ങനെ പുതുമ നിറഞ്ഞൊരു കാലത്തിലേക്കാണ് അവര്‍ പ്രവേശിക്കുന്നതും.
എന്നാല്‍ അവരില്‍ ചില ആകുലതകളും ഉത്കണഠകളും ഉണ്ടാവും. അതിനെ മറിക്കടക്കാന്‍ മാതാപിതാക്കള്‍ തന്നെ ശ്രമിക്കണം. കുട്ടിയുടെ വികാരത്തെ മനസിലാക്കി വേണം പെരുമാറാന്‍. അവര്‍ ചിലപ്പോള്‍ ഭയം കാണിക്കാം. അത് അവഗണിച്ച് എല്ലാം ശരിയാവുമെന്ന് പറയാതെ എന്തിനാണ് കുട്ടി ഭയപ്പെടുന്നതെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ഇക്കാര്യം അവരോട് തന്നെ ചോദിക്കാവുന്നതുമാണ്. ആരെങ്കിലും അവരുടെ മനസിലാക്കാന്‍ ഉണ്ടെന്നുള്ള ബോധം അവരെ അതില്‍ നിന്നും മോചിതരാക്കും.
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ എല്ലാ കാര്യങ്ങളും തയ്യാറാക്കി വെക്കുന്നത് നല്ലതാണ്. ഉറക്കത്തിന്റെ കാര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുന്‍പെങ്കിലും നേരത്തെ ഉറങ്ങാനും എഴുന്നേല്‍ക്കാനും നിയന്ത്രണം വരുത്തി തുടങ്ങണം. ഇത് പെട്ടെന്നുള്ള ക്രമീകരണത്തെക്കാള്‍ നല്ലതാണ്. കുട്ടികള്‍ക്ക് നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും അവര്‍ക്കൊപ്പം കുറച്ച് നേരം ഒത്ത് കൂടാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നതും നല്ലതാണ്. പഠനം, കളി, എന്നിങ്ങനെ എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ പറഞ്ഞ് കൊടുക്കാന്‍ ശ്രമിക്കുക. സ്‌കൂളിലേക്കുള്ള യാത്രയില്‍ വരുന്ന അപകടങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശം ചെറുപ്പത്തിലെ തന്നെ അവരുടെ ഉള്ളിലെത്തിയാല്‍ പെട്ടെന്നുണ്ടാവുന്ന പ്രതിസന്ധിയില്‍ വലിയ ഉപകാരമായിരിക്കും.
പല പ്രായത്തിലുള്ള കുട്ടികള്‍ക്കും പല ആശങ്കകളുമായിരിക്കും ഉണ്ടാവുന്നത്. നഴ്‌സറിയിലും ചെറിയ ക്ലാസുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ നിന്നും വേര്‍പിരിയുന്നതാണ് സാധാരണയായി കാണുന്ന പ്രശ്‌നം. ഇതിലും മുതിര്‍ന്ന കുട്ടികള്‍ക്ക് കൂട്ടുകാരെ കണ്ടെത്തുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ക്ലാസ്, പഠനം, ടീച്ചര്‍മാരെ കുറിച്ചുള്ള ഉത്കണ്ഠകളൊക്കെയാണ് ഉണ്ടാവുക. മാതാപിതാക്കളുടെ സമയോചിതമായ ഇടപെടല്‍ മാത്രം മതി ഇത്തരം ആകുലതകളില്‍ നിന്നും അവരെ കരകയറ്റാന്‍.