കേരളത്തില്‍ കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രമാണ് ജഡായു എര്‍ത്ത് സെന്റര്‍. ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ പക്ഷിയെ ആസ്‌പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു വലിയ പ്രതിമായണിത്.
കേരളത്തില്‍ കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രമാണ് ജഡായു എര്‍ത്ത് സെന്റര്‍. ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ പക്ഷിയെ ആസ്‌പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു വലിയ പ്രതിമായണിത്. പക്ഷി ശ്രേഷ്‌ഠനായ ജഡായുവിന്റെ ഭീമാകാര പ്രതിമയ്‌ക്ക് പുറമെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായ നിരവധി പ്രവര്‍ത്തനങ്ങളും ഈ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.
ജഡായു ഇതിഹാസം പര്യവേക്ഷണം ചെയ്യാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചരിത്രപരമായ പ്രാധാന്യം
ഭാരതഇതിഹാസം രാമായണത്തിലെ പക്ഷി ശ്രേഷ്‌ഠനാണ് ജഡായു. സീതാദേവിയെ രാവണന്‍ അപഹരിച്ച് കൊണ്ടു പോയ സമയത്ത് സീതദേവിയെ രക്ഷിക്കാന്‍ ശ്രമിച്ചു. രാവണനുമായുള്ള യുദ്ധത്തില്‍ ചിറകൊടിഞ്ഞ് പക്ഷി വീണ സ്ഥലമാണിതെന്നും വിശ്വസിക്കപ്പെടുന്നു.
പ്രതിമയുടെ പ്രത്യേകത
പ്രശസ്‌ത സംവിധായകനും ശില്‍പിയുമായ രാജീവ് അഞ്ചല്‍ രൂപകല്‍പന ചെയ്‌തിരിക്കുന്ന പ്രതിമ സ്ഥിതി ചെയ്യുന്ന കൊല്ലം ജില്ലയിലെ ചടയമംഗലത്താണ്. 200 അടി ഉയരത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. വലിപ്പം കൊണ്ട ഗിന്നസ് റെക്കോര്‍ഡില്‍ സ്ഥാനം നേടി.
ജഡായു എര്‍ത്ത് സെന്ററിലേക്ക് എത്തിച്ചേരാം
എംസി റോഡ് വഴി യാത്ര ചെയ്‌ത് ചടയമംഗലം എത്താറാവുമ്പോള്‍ തന്നെ മലമുകളില്‍ ചിറകറ്റുവീണ ജഡായുവിന്റെ കൂറ്റന്‍ പ്രതിമ കാണാം. എംസി റോഡില്‍ നിന്നും തന്നെയാണ് ഇവിടേക്കുള്ള പ്രധാന കവാടവും. ജഡായു നേച്ചര്‍ പാര്‍ക്ക് എന്നും അറിയപ്പെടുന്നു. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ജഡായുപ്പാറയുടെ മുകളിലേക്ക് പോകുന്നതിനായുള്ള നടപ്പാതയും കേബിള്‍കാറും ഉണ്ട് ഈ പരിസ്ഥിതി ഉദ്യാനത്തില്‍. കാട്ടുവഴിയിലൂടെ കാല്‍നടയായും മുകളിലേക്ക് എത്തിച്ചേരാം.
സമയക്രമം
രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര വരെ സന്ദര്‍ശകര്‍ക്കു പാസ് കൊടുക്കും. കേബിള്‍ കാറിന് നാല് ക്യാബിനുകളുണ്ട്. ഒരു ക്യാബിനില്‍ എട്ടുപേര്‍ക്ക് സുഖമായി ഇരുന്ന് മലയോരഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം.
പുറത്തുനിന്നുമുള്ള ഭക്ഷണം, കുപ്പിവെള്ളം തുടങ്ങിയവയും വലിയ ബാഗുകളും മലമുകളിലേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. മുകളില്‍ സ്‌നാക്‌സ് കിട്ടുന്ന സ്‌റ്റാളും കഫേയും ഉണ്ട്. ടോയ്‌ലറ്റ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.
സാഹസിക ടൂറിസം
സാഹസിക വിനോദസഞ്ചാരികള്‍ക്കായി റോക്ക് ക്ലൈംബിംഗ്, വാലി ക്രോസിംഗ്, റാപ്പലിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഒരുക്കിയിരിക്കുന്നു.
പരമ്പരാഗത കലാരൂപങ്ങള്‍, പ്രദര്‍ശനങ്ങള്‍, നാടോടി പ്രകടനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു സാംസ്‌കാരിക കേന്ദ്രവും ജഡായു എര്‍ത്ത് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
പാറപ്പുറത്ത് രാമായണത്തിലെ ജഡായുവിന്റെ കഥ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആലേഖനം ചെയ്‌തിട്ടുണ്ട്. ചുവരില്‍ ഒഎന്‍വിയുടെ ജഡായുസ്‌മൃതി എന്ന കവിതയും. സീതാദേവിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രാവണന്റെ വെട്ടേറ്റ് ചിറകറ്റുവീണ ജഡായു ശ്രീരാമന് സീതാദേവിയെ കുറിച്ച് സൂചന നല്‍കിയ ശേഷം മോക്ഷപ്രാപ്‌തി നേടിയത് ഈ പാറയിലാണെന്ന് ഐതീഹ്യം.
ജഡായു ശില്‍പസമുച്ചയത്തിന് അകത്തേക്ക് പ്രവേശനമില്ല.ശ്രീരാമക്ഷേത്രവും, ശ്രീരാമപാദവും,കൊക്കരണിയും ജഡായുപ്പാറയിലുണ്ട്.
ജഡായുപ്പാറയിലെ വറ്റാത്ത ചെറിയ കുളമാണ് കൊക്കരണി. ഐതീഹ്യമനുസരിച്ച് വെട്ടേറ്റുവീണ ജഡായു ദാഹജലത്തിനായി കൊക്കുരച്ചപ്പോള്‍ അവിടെ വെള്ളം ഉണ്ടായി എന്നാണ്.
ജഡായുപ്പാറയില്‍ നിന്നും താഴെ വന്നാല്‍ കുട്ടികള്‍ക്കുള്ള വണ്ടര്‍വേള്‍ഡ് റിയാലിറ്റി ഗെയിംപാര്‍ക്കും മുതിര്‍ന്നവര്‍ക്ക് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള 12ഡി റൈഡറുമുണ്ട്. വിനോദത്തിന്റേയും കാഴ്‌ചയുടേയും വിസ്‌മയിപ്പിക്കുന്ന ദൃശ്യവിരുന്നുതന്നെയാണ് ജഡായുഎര്‍ത്ത് സെന്റര്‍.