ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍ ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റം സമ്മതിച്ചു. അര്‍ബാസ് ഖാനോട് മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പോലീസ് വിളിച്ച് വരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരം കുറ്റം സമ്മതിച്ചത്.
ആറ് വര്‍ഷമായി ഐപിഎല്‍ വാതുവയ്പ്പില്‍ സജീവ പങ്കാളിയാണെന്നും, ഇതുവരെ 2.80 കോടി രൂപ നഷ്ടപ്പെട്ടതായും അര്‍ബാസ് ഖാന്‍ പോലീസിനോട് വ്യക്തമാക്കി. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനു ജലനില്‍ നിന്നാണ് അര്‍ബാസ് ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നത്.
മുംബൈയില്‍ നിന്ന് മേയ് 15നാണ് കുപ്രസിദ്ധ വവാതുവയ്പ്പുകാരനായ സോനു ജലന്‍ ഉള്‍പ്പെടെയുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.സോനു ജലന്‍ നേരത്തെ 2008ലെ ഐപിഎല്‍ സീസണിലും വാതുവയ്പ്പ് കേസില്‍ അറസ്റ്റിലായിരുന്നു. സോനു ജലനും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ ആരോപണം.
വാതുവയ്പ്പ് ശൃംഖലയുമായി അര്‍ബാസിന് മാത്രമല്ല പല വമ്പന്‍മാര്‍ക്കും ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സോനുവിന്റെ പക്കലുണ്ടായിരുന്ന ഡയറി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഐപിഎല്ലിലെ വിവിധ ടീമുകള്‍ക്കു വേണ്ടിയും താരങ്ങള്‍ക്കു വേണ്ടിയും വന്‍ തുകയ്ക്കാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയിരുന്നത്. ഇക്കാര്യം താനെ ക്രൈം ബ്രാഞ്ച് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അറിയിച്ചത്.